നവ്യ നായരെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
മുംബൈ: നടി നവ്യ നായരെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. മുംബൈ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് നവ്യയെ ചോദ്യം ചെയ്തത്. ഈ ജൂണിലാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേന്ദ്ര ഏജൻസി പിഎംഎൽഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.നടിയും സച്ചിൻ സാവന്തുമായി നിരവധി പണമിടപാട് നടത്തിയതായും ഐആർഎസ് ഉദ്യോഗസ്ഥൻ നവ്യ നായർക്ക് വില കൂടിയ ആഭരണങ്ങൾ വാങ്ങി നൽകിയതായും ഇഡി കണ്ടെത്തി. പ്രതിയായ സച്ചിൻ സാവന്ത് എട്ടുതവണ കേരളത്തിൽ എത്തിയിരുന്നു.ഇ ഡി ചോദ്യം ചെയ്തെന്ന് നവ്യ നായർ സ്ഥിരീകരിച്ചു. സച്ചിൻ സാവന്ത് കുടുംബസുഹൃത്താണ്. മുംബൈയിൽ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും നവ്യ നായർ പ്രതികരിച്ചു.സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന പരിചയം മാത്രമാണുള്ളത്. ഗുരുവായൂർ സന്ദർശനത്തിന് പലതവണ സൗകര്യം ചെയ്തു നൽകുകയും ചെയ്തു. നവ്യയുടെ മകൻ്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ സാവന്ത് ഒരു ഉപഹാരവും നൽകിയിട്ടില്ലെന്നും സച്ചിൻ സാവന്തുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇ ഡിയോട് പറഞ്ഞിട്ടുണ്ടെന്നും നവ്യ നായരുടെ കുടുംബം അറിയിച്ചു.