കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം വിതരണം ചെയ്തു
കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം വിതരണം ചെയ്തു. ജൂലൈ മാസത്തെ കുടിശ്ശികയാണ് ഇത്തവണ നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയിട്ടുള്ളത്. ഇക്കുറി തൊഴിൽ നികുതി, ഡയസ്നോൺ എന്നിവ കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ, 76 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടിവന്നത്. അതേസമയം, ശമ്പള വിതരണത്തിനായി സർക്കാർ 70 കോടി രൂപ അനുവദിച്ചിരുന്നു.താൽക്കാലിക ജീവനക്കാർക്കും സ്ഥിരം ജീവനക്കാർക്കും ഉത്സവബത്ത നൽകാൻ തീരുമാനമായിട്ടുണ്ട്. താൽക്കാലിക ജീവനക്കാർ, ബദലി ജീവനക്കാർ എന്നിവർക്ക് 1,000 രൂപ വീതവും, സ്ഥിരം ജീവനക്കാർക്ക് 2,750 രൂപ വീതവുമാണ് ഉത്സവബത്തയായി നൽകുക. അതേസമയം, സ്ഥിരം ജീവനക്കാർക്ക് 7,500 രൂപ വീതം ശമ്പള അഡ്വാൻസ് നൽകുന്നതാണ്. ഈ തുകയെല്ലാം ഇന്ന് വൈകിട്ടോടെ വിതരണം ചെയ്യും. ജൂലൈയിലെ ശമ്പളം നൽകിയ സാഹചര്യത്തിൽ, വിരമിച്ച ജീവനക്കാർക്കുള്ള ജൂലൈയിലെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്.