ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രസർക്കാർ
ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രസർക്കാർ. ആധാറുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ഇ-മെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ പങ്കുവെക്കരുതെന്ന മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇ-മെയിൽ, വാട്സ്ആപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ മുഖാന്തരം ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ യുഐഡിഎഐ ഇതുവരെ നിർദ്ദേശിച്ചിട്ടില്ല. അതിനാൽ, ആധാറിന്റെ മറവിൽ നടക്കുന്ന വ്യാജ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ആധാർ സെന്ററുകളെ സന്ദർശിക്കാവുന്നതാണ്. കൂടാതെ, മൈആധാർ പോർട്ടൽ വഴി സ്വന്തമായും അപേക്ഷ നൽകാൻ സാധിക്കും. ഇതിലൂടെ ആധാറിലെ വിവരങ്ങൾ ഓൺലൈനായി മാറ്റാൻ കഴിയുന്നതാണ്. ആധാർ നമ്പറും, കാപ്ചെ കോഡും, ഒടിപിയും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്. തുടർന്ന് ഡോക്യുമെന്റ് അപ്ഡേഷൻ സെക്ഷനിൽ കയറി നിലവിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. മറ്റു പ്ലാറ്റ്ഫോമുകളിൽ സംശയാസ്പദമായ രീതിയിൽ ആധാർ വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കണം. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.