നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി

Spread the love

ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയുടെ മരണത്തില്‍ മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. വീടിന് നേരെ പാഞ്ഞെത്തിയ അഞ്ചോളം വെടിയുണ്ടകളില്‍ രണ്ടെണ്ണം ചുവര്‍ തുളച്ച് അകത്ത് കടന്നെന്നും ഇതിലൊന്ന് തലയില്‍ തറച്ചുകയറിയാണ് സണ്ണി കൊല്ലപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി.ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.ഇന്നലെയാണ് സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. സണ്ണിയുടെ വീടിന് സമീപത്തെ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നു. ഇതിന് നേരെയാണ് സജി എന്നയാള്‍ വെടിയുതിര്‍ത്തത്. തുടര്‍ച്ചയായി വെടിവച്ചു. വെടിയുണ്ടകള്‍ സണ്ണിയുടെ വീടിന്റെ നേരെയാണ് വന്നത്. ഇവയിലൊന്നാണ് ചുവര്‍ തുളച്ച് അകത്ത് കയറി സണ്ണിയുടെ തലയില്‍ പതിച്ചത്. പ്രതികള്‍ തോക്കുകള്‍ കുളത്തില്‍ ഉപേക്ഷിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനായി ഇന്ന് തെളിവെടുപ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *