ചന്ദ്രനെ അടുത്ത്ക്കണ്ട് കണ്ണശയിലെ കുട്ടികൾ
പേയാട്: ചന്ദ്രനെ കണ്ട് , സൗരയുധം കണ്ട് കണ്ണശയിലെ കുട്ടികൾ. പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒരുക്കിയ ‘ആകാശക്കാഴ്ചകൾ’ എന്ന പരിപാടിയിലാണ് കുട്ടികൾ ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ട് സായൂജ്യരായത്. ടെലസ്കോപ്പിലൂടെ ചന്ദ്രനെ അടുത്ത് കാണുന്നതിനും, ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകൾ പരിചയപ്പെടുന്നതിനും, നക്ഷത്ര സമൂഹങ്ങളെ പരിചയപ്പെടുന്നതിനും വാനനിരീക്ഷകൻ സെബാസ്റ്റ്യൻ കുട്ടികൾക്ക് അരികിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നിന്ന് ദൂരെ ആകാശത്തിൽ മേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന അമ്പിളിമാമനെ കൗതുകത്തോടെ നോക്കി നിന്നിരുന്ന കുരുന്നുകൾക്ക് ദൂരദർശിനിയുടെ സഹായത്തോടെ ചാന്ദ്രലോകത്തേക്ക് എത്തി നോക്കാനും , വൃശ്ചികം രാശി, സപ്തർഷികൾ എന്ന നക്ഷത്ര സമൂഹം, ചൊവ്വ, ശുക്രൻ, എന്നീ ഗ്രഹങ്ങളെയും, വിവിധ ജന്മ നക്ഷത്രങ്ങളെയും, പോളാർ സാറ്റലൈറ്റ് എന്നിവയെയും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിച്ചത് കുട്ടികളിൽ ഒരു നവ്യാനുഭവം ഉണർത്തി. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, പിറ്റിഎ പ്രസിഡൻ്റ് അനിൽ ശിവശക്തി നേതൃത്വം നൽകി.