ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാന്‍ നിരവധി തവണയായി ശ്രമിച്ചതിന് പിന്നിൽ ഉള്ള കാരണം പുറത്ത്
ബെയ്ജിങ്: ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാന്‍ നിരവധി തവണയായി ശ്രമിച്ചതിന് പിന്നിൽ ഉള്ള കാരണം പുറത്ത്. ഇന്ത്യയിലെ വന്‍ വിലയുള്ള അത്യപൂർവ്വ പച്ചമരുന്ന് ശേഖരിക്കാനാണെന്ന് ഇന്‍ഡോ പെസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യുണിക്കേഷന്‍. കോര്‍ഡിസെപ്സ് എന്ന ചിത്രശലഭപ്പുഴു ഫംഗസ് അഥവാ ഹിമാലയന്‍ ഗോള്‍ഡ് ശേഖരിക്കാനായാണ് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നത്.ഈ ഹിമാലയന്‍ ഗോള്‍ഡ് എന്ന പച്ചമരുന്നിന് ചൈനയില്‍ വന്‍ വിലയാണ്. ചൈനീസ് പട്ടാളക്കാര്‍ അരുണാചല്‍ പ്രദേശിലേക്ക് അനധികൃതമായി കടന്നുകയറുന്നത് ഈ പച്ചമരുന്ന് തേടിയാണ്. ഇതിന് ചൈനയില്‍ സ്വര്‍ണത്തിനേക്കാള്‍ വിലയുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിബറ്റന്‍ പീഠഭൂമിലയിലെ വീടുകളിലെ 80 ശതമാനത്തിന്റെയും വരുമാനം കോര്‍ഡിസെപ്സ് ഫംഗസ് വില്‍പ്പനയിലൂടെയാണ് ലഭിക്കുന്നത്. ഇങ്ങനെ വിലയേറെയുള്ള കോര്‍ഡിസെപ്സ് ലഭിക്കാനാണ് ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെന്നാണ് റിപ്പോര്‍ട്ട്.ഹിമാലയന്‍ ഗോള്‍ഡ് എന്നറിയപ്പെടുന്ന ഈ ഫംഗസ് ഇന്ത്യയിലെ ഹിമാലയത്തിലാണ് ധാരാളമായി കാണപ്പെടുന്നത്. ചൈനയിലെ ക്വിങ്ഹായ്-ടിബറ്റന്‍ പീഠഭൂമിയുടെ ഉന്നതങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. 2022ല്‍ കോര്‍ഡിസെപ്സിന്റെ മാര്‍ക്കറ്റ് വില 1072.50 മില്യണ്‍ യു.എസ് ഡോളറാണ്. കോര്‍ഡിസെപ്സിന്റെ വന്‍ ഉത്പാദകരും കയറ്റുമതിക്കാരും ചൈനയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയിലെ ക്വിങ്ഹായിയില്‍ കോര്‍ഡിസെപ്സ് വിളവെടുപ്പ് കുറഞ്ഞു. വിലയേറെയുള്ള കോര്‍ഡിസെപ്സിന് ആവശ്യക്കാരും ഏറെയുണ്ട്.ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയില്‍ വൃക്ക തകരാറുകള്‍ മുതല്‍ വന്ധ്യതയടക്കമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കോര്‍ഡിസെപ്സാണ് മരുന്നായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യവും വര്‍ധിച്ചിരിക്കുകയാണ്. കൂടിയ ആവശ്യവും പരിമിതമായ വിഭവങ്ങളും ഫംഗസിന്റെ അമിത വിളവെടുപ്പിന് ഇടയാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു.