സംസ്ഥാനത്തെ ജയിൽ പുള്ളികളുടെ വേതനം കുത്തനെ വർധിപ്പിച്ചു; സ്കിൽഡ് ജോലികൾക്ക് ദിവസവും 620 രൂപ വരെ
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലുള്ള തടവു പുള്ളികളുടെ ദിവസ വേതനം പത്ത് മടങ്ങ് വരെ വർധിപ്പിച്ചു. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 620 രൂപയാക്കി. നേരത്തെ ഇത് 152 രൂപയായിരുന്നു. സെമി സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 127 ൽനിന്ന് 560 രൂപയായും അൺ സ്കിൽഡ് ജോലികളുടെ വേതനം 530 ആയാണ് വർധിപ്പിച്ചത്. നേരത്തെ 63 ആയിരുന്നു. സംസ്ഥാനത്തെ നാലു സെൻട്രൽ ജയിലുകളിലെ മൂവായിരത്തിലധികം തടവ് പുള്ളികൾക്കാണ് ജോലിക്ക് വേതനം നൽകി വരുന്നത്. അവസാനമായി തടവു പുള്ളികളുടെ വേതനം വർധിപ്പിച്ചത് 2018ലാണ്. തടവുകാരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയലുകളിൽ ജോലി ചെയ്യുന്നതിന് കൂലി ഏർപ്പെടുത്തി വരുന്നത്. തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തടവുകാരുടെ വേതനം കുറവാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വേതന വർധനവ്.

