പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനുമായി ഫോണില്‍ ചര്‍ച്ച നടത്തി

Spread the love

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. യുക്രൈന്‍ യുദ്ധത്തെക്കുറിച്ചും റഷ്യയില്‍ വാഗ്‌നര്‍ കൂലിപ്പട്ടാളം നടത്തിയ അട്ടിമറിനീക്കം പരിഹരിച്ചത് സംബന്ധിച്ച വിഷയങ്ങളും പുതിന്‍ മോദിയുമായി ചര്‍ച്ച ചെയ്തുവെന്ന് ക്രെംലിന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.ജൂണ്‍ 24ന് നടന്ന വാഗ്‌നര്‍ ഗ്രൂപ്പിന്റെ അട്ടിമറി നീക്കത്തില്‍ ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റഷ്യന്‍ ഭരണകൂടം സ്വീകരിച്ച നടപടികളില്‍ മോദി പിന്തുണ അറിയിച്ചതായി ക്രെംലിന്‍ വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് പുതിന്‍ മോദിയെ ധരിപ്പിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ നടന്ന അട്ടിമറി നീക്കം റഷ്യയെ ഞെട്ടിച്ചിരുന്നു. വാഗ്‌നര്‍ കൂലിപ്പട്ടാളം രാജ്യ തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് പിന്നാലെ അട്ടിമറി നീക്കത്തില്‍നിന്ന് പിന്‍മാറിയത്. ഈ പ്രശ്നങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് മോദിയും പുതിനും തമ്മില്‍ വാഗ്‌നര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ചര്‍ച്ച നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *