ബക്രീദിന് ബലി നൽകാനുള്ള ആടുകളെ ഫ്ലാറ്റിൽ കൊണ്ടുവന്നതിനെതിരെ അയൽവാസികളുടെ പ്രതിഷേധം
മുംബൈ: ബക്രീദിന് ബലി നൽകാനുള്ള ആടുകളെ ഫ്ലാറ്റിൽ കൊണ്ടുവന്നതിനെതിരെ അയൽവാസികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം വെെകുന്നേരമാണ് സംഭവം നടന്നത്. മുംബയിലെ മിരാ റോഡ് ഏരിയയിൽ താമസിക്കുന്ന മൊഹ്സിൻ ഷെയ്ഖിന്റെ കുടുംബമാണ് ആടുകളെ ഫ്ലാറ്റിലേയ്ക്ക് കൊണ്ട് വന്നത്. തുടർന്ന് അയൽവാസികൾ ആടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.ഈ ഫ്ലാറ്റ് സമുച്ചയത്തിൽ കന്നുകാലികളെ കൊണ്ട് വരാൻ പാടില്ലയെന്ന നിയമം ഉണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇത് മാറികടന്നതിനെത്തുടർന്നാണ് മറ്റ് താമസക്കാർ പ്രതിഷേധിച്ചത്. എന്നാൽ, എല്ലാ വർഷവും ബലി നൽകാനുള്ള ആടുകളെ നിർത്താൻ സ്ഥലം തരുമായിരുന്നു എന്നും ഈ വർഷം അത് തന്നില്ലെന്നും മൊഹ്സിൻ പറഞ്ഞു.ഫ്ലാറ്റിൽ 200മുതൽ 250 വരെയുള്ള മുസ്ലീം കുടുംബങ്ങൾ ഉണ്ടെന്നും തങ്ങൾ ഒരിക്കലും ഫ്ലാറ്റിന്റെ പരിസരത്ത് ആടുകളെ ബലിയർപ്പിക്കാറില്ലെന്നും മൊഹ്സിൻ വ്യക്തമാക്കി. തർക്കം രൂക്ഷമായതോടെ ക്രമസമാധാനം ഉറപ്പാക്കാൻ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 11പേർക്കെതിരെ കേസെടുത്തു.