എംവി ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മമെടുത്താല്‍ കിട്ടില്ലെന്ന് എകെ ബാലൻ

Spread the love

തിരുവനന്തപുരം: എംവി ഗോവിന്ദനെതിരായ പ്രതിപക്ഷ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. എംവി ഗോവിന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ എണ്ണപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ചരിത്രം നല്‍കുമെന്ന് എകെ ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് തൊഴിലാളി വര്‍ഗ തറവാടിത്തമുള്ള ആളാണ്. ആ തറവാടിത്തം നൂറ് ജന്മം കിട്ടിയാലും മറ്റുള്ളവര്‍ക്ക് ലഭിക്കില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. വിവാദങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കം ഭരണ -പാര്‍ട്ടി സംവിധാനങ്ങളെയാണെന്നും എകെ ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐക്കെതിരായ ആക്ഷേപങ്ങള്‍ സമാനതകളില്ലാത്തതാണ്. എസ്എഫ്‌ഐ ഒരു വികാരമാണ്. ആരു ഭരിച്ചാലും എസ്എഫ്‌ഐ സമരം നടത്താറുണ്ട്. തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയര്‍ന്നാല്‍ ഇതിലപ്പുറം എന്താണ് എസ്എഫ്‌ഐ ചെയ്യുകയെന്നും ബാലന്‍ ചോദിച്ചു.രക്ത സാക്ഷികളുടെ ഹൃദയരക്തത്തില്‍ മുക്കിയെടുത്തതാണ് എസ്എഫ്‌ഐയുടെ പതാക. വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ല. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് ബന്ധപ്പെട്ടവരല്ലേ?. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ വേട്ടയാടാന്‍ അനുവദിക്കില്ല. മാധ്യമങ്ങള്‍ വേട്ടയാടിയിട്ടും എസ്എഫ്‌ഐ പിടിച്ചു നിന്നില്ലേ?. മാധ്യമങ്ങള്‍ ആര്‍ഷോയോട് മാപ്പു പറയണമെന്നും ബാലന്‍ പറഞ്ഞു.വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മും എസ്എഫ്‌ഐയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആരാണോ ഉപ്പ് തിന്നത് ആവര്‍ വെള്ളം കുടിക്കട്ടെ. കെഎസ് യുവിന്റെ സംസ്ഥാന കണ്‍വീനര്‍ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദവും അന്വേഷിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *