മോന്‍സണുമായി ബന്ധമില്ല, നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല കെ. സുധാകരൻ
കൊച്ചി: മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്നും മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ താന്‍ എങ്ങനെ പ്രതിയായി എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ണിന്റെ ചികിത്സക്കായാണ് മോന്‍സന്റെ അടുത്ത് പോയതെന്നും കെ. സുധാകരന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോന്‍സന്‍ മാവുങ്കല്‍ കേസില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. കോഴിക്കോട്ട് ക്യാമ്പില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അതുകാണിച്ച് കത്ത് കൊടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.കണ്‍തടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് മോന്‍സന്‍ മാവുങ്കലിന്റെ അടുത്തേക്ക് പോയത്. അയാള്‍ വ്യാജനാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അയാള്‍ക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തീരുമാനിച്ചെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് കേസിന് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മോന്‍സന്റെ കൂടെയുണ്ടായിരുന്നവരെ അറിയില്ല. ഏതോ സിനിമാനടനും അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അല്പം മാറി മൂന്ന് പേര് സോഫയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ ആരാണെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.മോന്‍സണ്‍ എവിടേയും തന്റെ പേര് പറഞ്ഞിട്ടില്ല. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതിയാണെന്ന് തന്നെ ആരും അറിയിച്ചിട്ടില്ല. വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ചില്‍ നിന്ന് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേസിനെ നിയമപരമായി നേരിടും. മൂഢസ്വര്‍ഗത്തിലെ കൂപമണ്ഡൂകമാണ് മുഖ്യമന്ത്രി. കാലം കരുതിവെച്ചത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റിനെതിരേയും പ്രതിപക്ഷനേതാവിനെതിരേയുമെല്ലാം കേസെടുത്ത് തങ്ങളെ ഇരുത്തിക്കളയാമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ജയിലില്‍ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. കടല്‍ താണ്ടി വന്നരാണ് ഞങ്ങളൊക്കെ. ഇതൊക്കെ ഞങ്ങള്‍ക്ക് കൈത്തോടാണ്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമൊന്നും ഇവിടെയില്ല, കെ. സുധാകരന്‍ പറഞ്ഞു.