കൊളംബിയന്‍ വിമാനം തകര്‍ന്ന് ആമസോണ്‍ വനത്തിലകപ്പെട്ട നാലുകുട്ടികളെ ഒരുമാസമായിട്ടും കണ്ടെത്താനായില്ല
ബൊഗോട്ട്: കൊളംബിയന്‍ വിമാനം തകര്‍ന്ന് ആമസോണ്‍ വനത്തിലകപ്പെട്ട നാലുകുട്ടികളെ ഒരുമാസമായിട്ടും കണ്ടെത്താനായില്ല.കുട്ടികള്‍ വനാന്തരത്തില്‍ എവിടെയോ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷയോടെ സൈന്യം തിരച്ചില്‍ തുടരുകയാണ്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരിപ്പോഴും ജീവനോടെയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരച്ചിലിന് നേതൃത്വംനല്‍കുന്ന ജനറല്‍ പെഡ്രോ സാഞ്ചസ് തിങ്കളാഴ്ച അറിയിച്ചു. ”കുട്ടികള്‍ മരിച്ചിരുന്നെങ്കില്‍ ഇതിനോടകം തന്നെ മൃതദേഹമോ അവശിഷ്ടങ്ങളോ ലഭിച്ചേനെ. ശ്വാനസേന അത് എളുപ്പം തിരിച്ചറിയും. ഒരിടത്തും നില്‍ക്കാതെ കുട്ടികള്‍ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതാണ് ദൗത്യത്തിന് തടസ്സമാകുന്നത്”- അദ്ദേഹം പറഞ്ഞു.11 മാസം പ്രായമുള്ള ക്രിസ്റ്റിന്‍ എന്ന കുഞ്ഞുള്‍പ്പെടെ ലെസ്‌ലി (13), സൊളേമി (9), ടിന്‍ നൊറില്‍ (4) എന്നിവരാണ് കാട്ടില്‍ കഴിയുന്നത്. ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനാപകടം നടന്ന സ്ഥലത്തുനിന്ന് കുട്ടികള്‍ നീങ്ങുന്ന വഴി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഈ വഴിയില്‍ കുട്ടികള്‍ നിര്‍മിച്ചതെന്ന് കരുതുന്ന താത്കാലിക അഭയകേന്ദ്രങ്ങളും പാതികഴിച്ച പഴങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച ഒരു ജോഡി ഷൂസും കുഞ്ഞിന്റെ ഡയപ്പറും തിരച്ചില്‍സംഘം കണ്ടെത്തിയിരുന്നു.ഇരുന്നൂറിലധികം സൈനികരും തദ്ദേശീയരായ ഗോത്രവിഭാഗക്കാരും ചേര്‍ന്നാണ് 320 ചതുരശ്ര കിലോമീറ്റര്‍ വരുന്ന നിബിഡവനത്തില്‍ തിരച്ചില്‍ നടത്തുന്നത്. വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ഉള്ള മേഖലയാണിത്. മാതൃഭാഷയായ ഹുയിടൊടോയിലും സ്പാനിഷ് ഭാഷയിലും കുട്ടികളോട് ഒരിടത്തുതന്നെ നില്‍ക്കാനാവശ്യപ്പെടുന്ന ശബ്ദസന്ദേശങ്ങള്‍ വ്യോമസേന നല്‍കുന്നുണ്ട്. സംശയം തോന്നുന്ന ഇടങ്ങളില്‍ ഭക്ഷണം, വെള്ളം മറ്റ് അതിജീവനസഹായികള്‍ എന്നിവ അടങ്ങിയ പാര്‍സലുകള്‍ വ്യോമസേന ഹെലികോപ്റ്റര്‍ വഴി നിക്ഷേപിക്കുന്നുണ്ട്.വനമേഖലയായ അരരാകുവാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗുവാവിയറേയിലേക്ക് പുറപ്പെട്ട സെസ്ന 206 വിമാനം മേയ് ഒന്നിനാണ് ആമസോണ്‍ വനത്തിലേക്ക് തകര്‍ന്നുവീഴുന്നത്. കുട്ടികളുടെ അമ്മയും പൈലറ്റുമാരുമുള്‍പ്പെടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ചു.