മധ്യപ്രദേശില്‍ കര്‍ഷകര്‍ കൃഷിയാവശ്യത്തിനായി മദ്യം ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകര്‍ കൃഷിയാവശ്യത്തിനായി മദ്യം ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. പരിപ്പുവര്‍ഗവിളകളുടെ കൃഷിക്കാണ് നര്‍മദാപുരം ജില്ലയിലെ കര്‍ഷകര്‍ മദ്യം ഉപയോഗിക്കുന്നത്. കീടനാശിനിയായാണ് ഇവര്‍ നാടന്‍മദ്യം ഉപയോഗപ്പെടുത്തുന്നത്. ചെറുപയര്‍ കൂടാതെ മഞ്ഞള്‍, മറ്റുവിളകള്‍ എന്നിവയുടെ ഉത്പാദനഘട്ടത്തില്‍ മദ്യം ഉപയോഗിക്കുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.15 ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലിലിറ്റര്‍ നാടന്‍മദ്യം കലര്‍ത്തി വിത്ത് പാകിയതിന് ശേഷം കൃഷിയിടങ്ങളില്‍ തളിക്കുന്നു. രാസവളങ്ങള്‍, രാസകീടനാശിനികള്‍ എന്നിവയേക്കാള്‍ ചെലവ് കുറവാണ് മദ്യത്തിനെന്നാണ് കര്‍ഷകരുടെ അഭിപ്രായം. മദ്യം ഉപയോഗിക്കുമ്പോള്‍ വിളവ് വര്‍ധിക്കുന്നതായും ചില കര്‍ഷകര്‍ പറയുന്നു.മദ്യം ഉപയോഗിക്കുമ്പോള്‍ ചെടികള്‍ തഴച്ചുവളരുന്നതായും വിളവേറുന്നതായും കര്‍ഷകനായ പ്രേം ശങ്കര്‍ പട്ടേല്‍ സാക്ഷ്യപ്പെടുത്തുന്നു. രാസകീടനാശിനികള്‍ക്ക് ഏക്കറിന് 100 മുതല്‍ 150 രൂപ വരെ ചെലവ് വരുമ്പോള്‍ നാടന്‍ മദ്യത്തിന് ഏക്കറിന് 10 മുതല്‍ 12 രൂപ വരെ മാത്രമേ ചെലവുണ്ടാകുന്നുള്ളുവെന്ന് പട്ടേല്‍ പറയുന്നു. പുഴുക്കളെ അകറ്റാന്‍ വളരെ കുറഞ്ഞ അളവ് തളിച്ചാല്‍ മതിയെന്നും പട്ടേല്‍ പറയുന്നു.വിളവ് കൂട്ടുക മാത്രമല്ല വിളവിന്റെ ഗുണമേന്മയും മദ്യം വര്‍ധിപ്പിക്കുന്നതായി ഘാസിറാം എന്ന കര്‍ഷകന്‍ പറയുന്നു. 15 ലിറ്റര്‍ വെള്ളത്തില്‍ 50-100 മില്ലിലിറ്റര്‍ മദ്യം കൂട്ടിക്കലര്‍ത്തിയാണ് ഘാസിറാം ഉപയോഗിക്കുന്നത്. 500 മില്ലിലിറ്റര്‍ മദ്യമാണ് ജിതേന്ദ്ര ഭാര്‍ഗവ എന്ന കര്‍ഷകന്‍ ഒരേക്കര്‍ കൃഷിയിടത്തിനായി ഉപയോഗിക്കുന്നത്. 30 ഏക്കര്‍ കൃഷിയിടമാണ് ജിതേന്ദ്രയ്ക്ക് സ്വന്തമായുള്ളത്. ലാഭകരമാണെന്നാണ് ജിതേന്ദ്രയുടെ അഭിപ്രായം.എന്നാല്‍ വിളവ് വര്‍ധിപ്പിക്കുന്നതിലോ വിളവിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിലോ മദ്യത്തിന് പങ്കില്ലെന്നാണ് ശാസ്ത്രവിദഗ്ധര്‍ പറയുന്നത്. ഇതിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്നും അതേസമയം കീടങ്ങളെ അകറ്റാന്‍ മദ്യത്തിന് സഹായിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.