പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചു. വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി ഇരു ചേംബറുകളും സന്ദർശിച്ചു.ശിലാഫലകത്തിന്‍റെ അനാവരണവും പ്രധാനമന്ത്രി നിർവഹിച്ചു. ന്ദ്രമോദി ശിലാഫലകം ഉദ്ഘാടനം ചെയ്തു. പാർലമെന്‍റ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പങ്കെടുത്തു.തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്‍റ് മന്ദിരത്തിലെത്തും. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍റെ പ്രസംഗം. ഇതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. ഇതിനുശേഷം പാര്‍ലമെന്‍റിനെക്കുറിച്ചുള്ള വിഡിയൊ പ്രദര്‍ശനവും പ്രസംഗങ്ങളും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും.പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് വൈകീട്ട് മൂന്നു മണി വരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിനായി എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.