പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും

Spread the love

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. രാവിലെ ഏഴര മുതല്‍ പൂജ ചടങ്ങുകള്‍ തുടങ്ങും. ചടങ്ങില്‍ ആദ്യാവസാനം പ്രധാനമന്ത്രി പങ്കെടുക്കും. ഇരു ചേംബറുകളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും. ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും. രാഷ്ടപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിക്കും. സ്മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കിയ ശേഷം പ്രധാന മന്ത്രി അഭിസംബോധന ചെയ്യും.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ ഇന്നലെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്. അതേസമയം, ചടങ്ങ് ബഹിഷ്‌ക്കരിക്കുന്ന പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷ നേതാക്കള്‍ വിമര്‍ശനം കടുപ്പിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കക്കരണം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മന്ത്രി അനുരാഗ് താക്കൂറും അപലപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ദിവസത്തേക്ക് മാറ്റിവച്ച് ലോകം നാളെ ഉറ്റുനോക്കുന്ന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.അതേസമയം, ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങും. കേന്ദ്രസേനയും ഡല്‍ിഹി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡല്‍ഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *