കര്‍ണാടകത്തില്‍ ആര് മുഖ്യമന്ത്രിയാവണം ഖാര്‍ഗെ തീരുമാനിക്കും
ബെംഗളൂരു: കര്‍ണാടകത്തില്‍ ആര് മുഖ്യമന്ത്രിയാവണം എന്നതില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ തീരുമാനമായില്ല. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നു. ഇതോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുതലപ്പെടുത്തുന്ന പ്രമേയം പാസാക്കി യോഗം പിരിഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 പേരും പങ്കെടുത്ത യോഗം ഐകകണ്‌ഠ്യേന ഈ തീരുമാനമെടുത്തത്.കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിരീക്ഷകരായി അയച്ച നേതാക്കള്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണും. തുടര്‍ന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ഇതുകൂടി പരിഗണിച്ചാവും അന്തിമതീരുമാനം.സിദ്ധരാമയ്യയ്ക്കാണ് ഭൂരിഭാഗം എം.എല്‍.എ.മാരുടെയും പിന്തുണയെന്നാണ് സൂചന. മുതിര്‍ന്ന നേതാവെന്ന പരിഗണനയും ജനകീയനെന്ന പ്രതിച്ഛായയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. ഒരുതവണ മുഖ്യമന്ത്രിയായതിന്റെ പരിചയസമ്പത്തും അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നു.2013-ലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. അന്നത്തെ സര്‍ക്കാര്‍ ഇന്ദിരാ കാന്റീന്‍ പോലുള്ള ജനകീയ പദ്ധതികള്‍ നടപ്പാക്കി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. 75 വയസ്സുള്ള അദ്ദേഹത്തിന് ഒരുതവണകൂടി അവസരം നല്‍കണമെന്നാണ് പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഇത്തവണത്തേത് അവസാന തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ പലരും, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവരാണ്. പുതുമുഖങ്ങളായ പലര്‍ക്കും മത്സരിക്കാന്‍ അവസരമൊരുക്കിയത് അദ്ദേഹമാണ്. 135 സീറ്റുമായി പാര്‍ട്ടിയെ വന്‍വിജയത്തിലേക്ക് നയിച്ചത് ശിവകുമാറാണെന്ന് അവര്‍ വാദിക്കുന്നു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പിന്തുണയും അദ്ദേഹത്തിനാണ്. മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ തന്ത്രപരമായി പരിഹരിക്കാന്‍ ദേശീയനേതാക്കള്‍ സഹായം തേടുന്നയാളാണ് ശിവകുമാര്‍. പാര്‍ട്ടിയെ സംഘടനാപരമായി മുന്നോട്ടുനയിക്കുന്ന മികവും അനുകൂലഘടകമാണ്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശിവകുമാറിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. 2013-ല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിപദത്തിനടുത്തെത്തിയപ്പോള്‍ അദ്ദേഹത്തെ തട്ടിമാറ്റിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്.ആദ്യഘട്ടത്തില്‍ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കുകയും പിന്നീട് കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് കൈമാറുകയും ചെയ്യാമെന്ന അഭിപ്രായവുമുയരുന്നുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ശിവകുമാറിന് ആഭ്യന്തരവകുപ്പ് ഉള്‍പ്പെടെയുള്ള ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ നേതൃത്വം തയ്യാറായേക്കുമെന്നാണ് സൂചന.നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്ദേ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പങ്കെടുത്തു.