വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രയ്ക്ക് ഡിമാൻഡ് വർദ്ധിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രയ്ക്ക് ഡിമാൻഡ് വർദ്ധിക്കുന്നു. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായി എത്തുന്നത്. ഇതോടെ, 230 ശതമാനമായാണ് സീറ്റ് ബുക്കിംഗ് ഉയർന്നിട്ടുള്ളത് തിരുവനന്തപുരം- കാസർഗോഡ് വരെയുള്ള ടിക്കറ്റിനേക്കാൾ കൂടുതൽ മധ്യദൂര യാത്രകൾക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.തിരുവനന്തപുരം- എറണാകുളം ടിക്കറ്റിനാണ് വൻ ഡിമാൻഡ്. അതേസമയം, ചെയർകാറിലെ ബുക്കിംഗ് ഈ മാസം 28 വരെയും, എക്സിക്യൂട്ടീവ് ചെയർകാറിലെ ബുക്കിംഗ് ജൂൺ 16 വരെയും ഫുൾ ആയിട്ടുണ്ട്. നിരക്ക് കൂടുതലാണെങ്കിലും ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് ഉള്ളത്. ഇത് വന്ദേ ഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2,880 രൂപയുമാണ് നിരക്ക്. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച്, ഇതിനോടകം 60,000 പേരാണ് വന്ദേ ഭാരതിൽ യാത്ര ചെയ്തിട്ടുള്ളത്.