അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല

Spread the love

കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു.അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാലിനു ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തി. ആനയെ ഇറക്കിവിട്ട സന്യാസിയോടയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ച് തമിഴ്നാട് വനമേഖലയില്‍ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്‌നലിന്റെ അര്‍ഥം.സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താല്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *