സുഡാനിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യവകുപ്പ്

Spread the love

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യവകുപ്പ്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി മൂന്നാമതൊരു കപ്പല്‍ കൂടി പുറപ്പെടും. ഐഎന്‍എസ് തര്‍കാഷാണ് രക്ഷാദൗത്യവുമായി സുഡാനിലേക്ക് പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖത്ര അറിയിച്ചു.ആഭ്യന്തരയുദ്ധം ഉണ്ടായ ദിവസം മുതലുള്ള സാഹചര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 3500 ഓളം ഇന്ത്യാക്കാരും ആയിരത്തോളം ഇന്ത്യന്‍ വംശജരും സുഡാനില്‍ ഉണ്ടെന്നാണ് കണക്ക്. സുഡാനിലെ സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണവും വളരെയേറെ ആശങ്കാജനകവുമാണ്.ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമങ്ങള്‍. പ്രശ്‌നബാധിത മേഖലകളില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ സാധ്യതകളും തേടുന്നുണ്ട്. ഒഴിപ്പിക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 360 പേരെ നാട്ടിലെത്തിച്ചു. 246 പേര്‍ ഉടന്‍ ഇന്ത്യയിലെത്തും. 320 പേര്‍ പോര്‍ട്ട് ഓഫ് സുഡാനിലുണ്ടെന്നും അവരെ ജിദ്ദ വഴി നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.246 ഇന്ത്യാക്കാരുമായി വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലേക്ക് പോയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. നാവികസേന കപ്പലായ ഐഎന്‍എസ് തേജ് 297 പേരുമായി സുഡാനില്‍ നിന്നും തിരിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. ആറു ബാച്ചുകളിലായി 1100 പേരെ ജിദ്ദയിലെത്തിച്ചതായും കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *