വിവാദങ്ങൾ കത്തി നിൽക്കെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു ചരമോപചാരം അർപിച്ചാണ് സമ്മേളനം തുടങ്ങിയത്. ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലേ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.സഭാ സമ്മേളനം ആരംഭിച്ച് പത്ത് മിനിറ്റിനു ശേഷമാണ് രാഹുൽ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തുക്കൾക്കൊപ്പമാണ് രാഹുൽ എത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം നിയമസഭയിലേക്ക് പ്രവേശിച്ചത്.ആരോപണങ്ങള്‍ക്കുശേഷം ഇത് ആദ്യമായാണ് രാഹുൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. വിഡി സതീശന്റെ എതിർപ്പ് തള്ളിയാണ് രാഹുൽ സഭയിൽ എത്തിയത്. പാർട്ടിയിൽ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതോടെ പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക