സംസ്ഥാനത്ത് മിൽമയുടെ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറുന്നു
സംസ്ഥാനത്ത് മിൽമയുടെ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറുന്നു. വിവിധ മേഖല യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറ്റുന്നത്. നിലവിൽ, മിൽമയ്ക്ക് മലബാർ, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലാ യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റുകൾക്ക് കീഴിലും വിവിധ ഉൽപ്പന്നങ്ങൾ പല പേരുകളിലും പല രൂപത്തിലും കച്ചവടം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.റീ- പൊസിഷനിംഗ് മിൽമ 2023 എന്ന പദ്ധതിയിലൂടെയാണ് എല്ലാ ഉൽപ്പന്നങ്ങളും ഒരേ ബ്രാൻഡിൽ വിൽക്കുന്നത്. ഇതിനോടൊപ്പം തന്നെ മികച്ച ഗുണനിലവാരവും ഉറപ്പുവരുത്തുന്നതാണ്. ദേശീയ ക്ഷീര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പാൽ, തൈര്, മോര്, നെയ്യ്, ഐസ്ക്രീമുകൾ തുടങ്ങി 80-ലധികം ഉൽപ്പന്നങ്ങളാണ് മൂന്ന് മേഖല യൂണിറ്റുകളിൽ നിന്നായി വിപണിയിൽ എത്തുന്നത്. ബ്രാൻഡ് ഏകീകരണം നടപ്പാക്കുന്നതോടെ, ഉൽപ്പാദനം, സംഭരണം, ഗുണനിലവാരം, വിപണനം തുടങ്ങിയവയിലും മാറ്റങ്ങൾ വരുന്നതാണ്.