ബ്രഹ്‌മപുരം; കരാര്‍ കമ്പനിക്ക് പണം നല്‍കുന്നത് കോടതി തടഞ്ഞു
കൊച്ചി: മാലിന്യസംസ്‌കരണത്തിന് കരാറെടുത്ത കമ്പനിക്ക് കോടതിയുടെ അനുമതിയോടെയല്ലാതെ കൊച്ചി കോര്‍പ്പറേഷന്‍ പണം നല്‍കരുതെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് അധികൃതരോട് വിശദീകരണം തേടിയശേഷം ഉത്തരവിറക്കും.മാലിന്യസംസ്‌കരണത്തിന് സൗകര്യമില്ലെങ്കിലും വന്‍ കെട്ടിടങ്ങള്‍ക്കുപോലും ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അവസ്ഥയായിരുന്നു കൊച്ചിയിലേതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉറവിടത്തില്‍നിന്നുതന്നെ മാലിന്യം വേര്‍തിരിച്ച് ശേഖരിക്കണം. പെരിയാറിലെ ജലശേഖരണ മേഖലകളില്‍നിന്ന് സാംപിള്‍ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഏപ്രില്‍ മൂന്നിന് നല്‍കണം.പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മുനിസിപ്പല്‍ ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെ മാത്രമേ ഇനിമുതല്‍ സ്ഥാപിക്കാവൂ. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളസര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുന്നതില്‍ കളക്ടര്‍മാര്‍ നിയന്ത്രണം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.മൂന്നാറിലും മറ്റു വിനോദസഞ്ചാര മേഖലകളിലും പ്ലാസ്റ്റിക് നിയന്ത്രിക്കാന്‍ ഗ്രീന്‍ ചെക്ക് പോയന്റുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു.