സംസ്ഥാന സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ് : സെക്രട്ടറിയേറ്റ് വളയൽ ഉൾപ്പെടെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്. സെക്രട്ടേറിറ്റ് വളയല്‍ ഉള്‍പ്പെടെ വിവിധ സമര പരിപാടികളാണ് സര്‍ക്കാരിനെതിരെ ആസൂത്രണം ചെയ്തത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് മാസത്തിലാകും യുഡിഎഫ് സെക്രട്ടേറിയറ്റ് വളയുക. ഇതുള്‍പ്പെടെ ഉള്ള വിവിധ സമര പരിപാടികള്‍ യുഡിഎഫ് ഇന്ന് പ്രഖ്യാപിക്കും.ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് യോഗം എല്ലാ മാസവും ചേരാനും തീരുമാനമായി. മുന്നണി യോഗം ചേരാന്‍ കാലതാമസം ഉണ്ടാവുന്നുവെന്ന ആര്‍എസ്പിയുടെ വിമര്‍ശനം പരിഗണിച്ചാണ് തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കഴിഞ്ഞുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സര്‍ക്കാരാണ് സഭാ സമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയതെന്നും യോഗം വിലയിരുത്തി.നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.