നെടുമങ്ങാട് ബ്ലോക്കിൽ കർമ്മ സേന അംഗങ്ങൾക്ക് പ്ലംബിംഗ് പരിശീലനം
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കർമ്മസേന പദ്ധതിയിലെ അംഗങ്ങൾക്ക് പ്ലംബിംഗിൽ പരിശീലനം നൽകി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നെടുമങ്ങാട് ബ്ലോക്കിന്റെ കീഴിൽ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നും യുവതി യുവാക്കളെ തെരഞ്ഞെടുത്തു വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം കൊടുത്തു ഒരു ലേബർ ബാങ്ക് രൂപീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കാർഷിക പണികൾ, കൃഷിയിടം ഒരുക്കൽ, പാട്ട കൃഷി, തെങ്ങ് കയറ്റം, പുല്ല് വെട്ടൽ, ഡിപ് ഇറിഗേഷൻ, പച്ചക്കറി കൃഷി എന്നിവയിൽ പരിശീലനം നൽകും. പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് റിപ്പയർ എന്നിവയിലും പരിശീലനം നൽകുന്നുണ്ട്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി അമ്പിളി അധ്യക്ഷയായി. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു