അധികാര വികേന്ദ്രീകരണം പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തി: മന്ത്രി കെ രാധാകൃഷ്ണന്‍

Spread the love

കാല്‍ നൂറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം വഴിയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പന്തുവിള കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം നടപ്പാക്കിയപ്പോള്‍ ഏറ്റവുമധികം ഫണ്ട് നല്‍കിയത് എസ് എസ്ടി വകുപ്പിനാണ്. അന്ന് മന്ത്രിയായിരുന്ന തനിക്കെതിരെ ചില മാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിച്ചുവെന്നും മന്ത്രി പറഞ്ഞു. കൈകാര്യം ചെയ്ത് പരിചയമില്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് അധികാരവും സമ്പത്തും നല്‍കരുതെന്ന വാദവും ഉന്നയിക്കപ്പെട്ടു. എന്നാല്‍ പുരുഷന്‍മാരെക്കാള്‍ നന്നായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് സ്ത്രീകള്‍ തെളിയിച്ചു. 98 ല്‍ തുടങ്ങിയ കുടുംബശ്രീയിലൂടെ ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 1, 2, 16, 17, 18 എന്നീ വാര്‍ഡുകളിലെ പട്ടികജാതി കോളനികളില്‍ കുടിവെള്ളം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാന പട്ടികജാതി വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കേരളാ വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ 1.25 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയില്‍ നിലവില്‍ 195 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി. ചടങ്ങില്‍ ഒ.എസ്. അംബിക എം.എല്‍.എല്‍ അദ്ധ്യക്ഷത വഹിച്ചു. പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി സ്വാഗതം പറഞ്ഞു. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *