LatestNEWS

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ബാങ്കുകൾക്ക് സുപ്രീംകോടതിയുടെ കർശന താക്കീത്; ഇരകൾക്ക് നഷ്ടപരിഹാരം നൽകണം

Spread the love

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജാഗ്രതക്കുറവ് വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി.പണമിടപാടുകളിൽ ആവശ്യമായ പരിശോധനയിലും ജാഗ്രതയിലും വീഴ്ച വരുത്തിയതായി വ്യക്തമായാൽ തട്ടിപ്പിനിരയായവർക്ക് ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ നിർദേശിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉപഭോക്താക്കൾക്ക് തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന കവചമായി പ്രവർത്തിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വ്യാജരേഖകൾ ചമച്ചുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ബെഞ്ച് പരിഗണിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പൂർണ പട്ടിക അടുത്ത ഹിയറിങ്ങിന് മുമ്പായി സമർപ്പിക്കാൻ റിസർവ് ബാങ്കിനോട് കോടതി നിർദേശിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന പൊതുനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന സൂചനയും കോടതി നൽകി.ബോധവൽക്കരണ കാമ്പയിനുകളും മാധ്യമ വാർത്തകളും ഉത്തരവുകളും നിരന്തരം പുറത്തുവന്നിട്ടും അഭ്യസ്തവിദ്യരായ ആളുകൾ പോലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.”ആളുകൾ എന്തുകൊണ്ടാണ് ഇത് തിരിച്ചറിയാത്തതെന്ന് ഞങ്ങളെ ഞെട്ടിക്കുന്നു. ഇരകൾക്ക് എന്താണ് സംഭവിക്കുന്നത്? അവർ സാധാരണക്കാരല്ലേ? മാധ്യമങ്ങളിലൊക്കെ നിരന്തരം വരുന്ന വാർത്തയാണിത്. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഒരാൾക്ക് മൊബൈലിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയുന്നു? ഫോൺ എടുത്ത് ഭീതിയിലേക്ക് എറിഞ്ഞാൽ തീരാവുന്നതേയുള്ളൂ ആ അറസ്റ്റ്. മൊബൈലിൽ നിന്നുള്ള അറസ്റ്റിനെ എന്തിനാണ് ഭയക്കുന്നത്? നിങ്ങൾ സ്വയം ഇരകളാവുകയാണ്” – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂക്ഷമായി വിമർശിച്ചു.നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും തട്ടിപ്പ് തുടരുകയാണെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക എൻ.എസ് നാപ്പിനായി കോടതിയെ അറിയിച്ചു. അടുത്തിടെ ഒരു സ്ത്രീക്ക് ഇത്തരത്തിൽ 2.5 കോടി രൂപ നഷ്ടമായ സംഭവവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ 50 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *