ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി

Spread the love

ഏതൻസ് : ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. 72 പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയോടെയായിരുന്നു അപകടം. മധ്യനഗരമായ ലെറിസയിൽ യാത്രാ ട്രെയിനും ചരക്ക് ട്രെയിനും തമ്മിലാണ് കൂട്ടിമുട്ടിയത്. തലസ്ഥാനമായ ഏതൻസിൽ നിന്ന് തെസലനീകിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനും വടക്കൻ നഗരത്തിൽ നിന്ന് വരികയായിരുന്ന ചരക്ക് വണ്ടിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിമുട്ടലിന്റെ ആഘാതത്തിൽ നിരവധി വാഗണുകൾ പാളം തെറ്റുകയും ചിലതിന് തീപ്പിടിക്കുകയും ചെയ്തു. മൂന്ന് കോച്ചുകൾ പൂർണമായും കത്തിനശിച്ചു. പാസഞ്ചർ ട്രെയിനിന്റെ ആദ്യ നാല് കോച്ചുകളും പാളം തെറ്റി. അപകട സമയം ട്രെയിനിൽ 342 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ചരക്ക് വണ്ടിയിൽ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. പലർക്കും പൊള്ളലേറ്റിട്ടുണ്ട്. സമീപകാലത്ത് ഗ്രീസിലുണ്ടാകുന്ന ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. അവധിക്കാലം ആഘോഷിക്കാനെത്തിയ കോളജ് വിദ്യാർഥികളായിരുന്നു പാസഞ്ചർ ട്രെയിനിൽ കൂടുതലും. മരിച്ചവരിൽ ഭൂരിഭാഗവും ഇവരാണ്. ഒരിക്കലും ചിന്തിക്കാൻ സാധിക്കാത്ത ദുരന്തമാണ് നടന്നതെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിറിയാകോസ് മിറ്റ്‌സോടാകിസ് പറഞ്ഞു. അപകടത്തിന് പിന്നാലെ വിദേശ സന്ദർശനം അവസാനിപ്പിച്ച് ഗ്രീക്ക് പ്രസിഡന്റ് രാജ്യത്തേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *