പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുകളിൽ സൂചി കുത്തിയ നാരങ്ങയും തേങ്ങയും! ശ്മശാനത്തിലെ ദുർമന്ത്രവാദത്തിൽ യു.പിയിൽ കേസ്
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ശ്മശാനത്തിൽ ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാധ്യമങ്ങളിൽ വീഡിയോ വൻതോതിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഉത്തർപ്രദേശിലെ ദോരീഘട്ടിൽ സരയു നദിക്കരയിലുള്ള ശ്മശാനത്തിലാണ് മന്ത്രവാദം നടത്തിയത്. പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുകളിൽ ചരട് കെട്ടിയ നാല് തേങ്ങകളും സൂചി കുത്തിയിറക്കിയ ഒൻപത് ചെറുനാരങ്ങകളും വെച്ച നിലയിലുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കേസെടുത്ത പോലീസിന്റെ നടപടിയെ രൂക്ഷമായി പരിഹസിച്ച് എഎപി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനോ യഥാർത്ഥ കുറ്റകൃത്യങ്ങൾ തടയാനോ കഴിയാത്ത യോഗിയുടെ പോലീസ് ഇപ്പോൾ മന്ത്രവാദം പിടിക്കാൻ നടക്കുകയാണെന്ന് എഎപി പരിഹസിച്ചു.

