ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലിൽ നിന്നും മാറ്റിയിരിക്കുന്നത്.വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ നെയ്യൂർ സിഎസ്‌ഐ കോളജിലെ ശുചിമുറിയിൽ വച്ച് 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നൽകി ആയിരുന്നു ആദ്യം വധശ്രമം. എന്നാൽ, കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു.പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്.ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്ന് വ്യക്തമായത്.