വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ പഠനയാത്ര; ‘വിജ്ഞാന ദർശിനി’ ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും വിജ്ഞാനവും പങ്കുവെക്കുന്ന പഠനയാത്രകൾക്കായി ‘വിജ്ഞാന ദർശിനി’ പദ്ധതി അവതരിപ്പിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സാംസ്‌കാരിക സ്ഥാപനങ്ങൾ, ചരിത്രകേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര മേഖലകൾ എന്നിവ നേരിട്ട് സന്ദർശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പഠനത്തോടൊപ്പം പ്രായോഗിക അറിവും ഇൻഡസ്ട്രിയൽ വിസിറ്റ് സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം കെഎസ്ആർടിസി ക്രമീകരിക്കും.ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് നിലവിൽ യാത്രകൾ യാഥാർത്ഥ്യമാക്കുന്നത്.36 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന പ്രത്യേക ബസുകളാണ് ഈ സർവീസുകൾക്കായി ഉപയോഗിക്കുന്നത്. സ്കൂളുകളുടെയും കോളേജുകളുടെയും സൗകര്യാനുസരണം പാക്കേജുകൾ തെരഞ്ഞെടുക്കാവുന്നതാണ്. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

