പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി; കോൺഗ്രസ് അധികാരത്തിൽ
തൃശ്ശൂർ: തൃശ്ശൂർ പാറളം ഗ്രാമപഞ്ചായത്തിൽ സി.പി.ഐയുടെ പിന്തുണയോടെ കോൺഗ്രസിലെ റോസ് മേരി അപേഷിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. നേരത്തെ അവിശ്വാസപ്രമേയത്തിലൂടെ ബി.ജെ.പി പ്രസിഡന്റിനെ പുറത്താക്കിയതിനെത്തുടർന്നാണ് പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.വ്യാഴാഴ്ച (ഒക്ടോബർ 22) നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വിജയിച്ച റോസ് മേരി അപേഷിന് എട്ട് വോട്ടുകളാണ് ലഭിച്ചത്. അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ബി.ജെ.പിയുടെ മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിത പ്രസന്നൻ ആറു വോട്ടും എൽ.ഡി.എഫിലെ സുധ അനിൽ മൂന്ന് വോട്ടും നേടി. എൽ.ഡി.എഫ് മുന്നണിയിലുള്ള സി.പി.ഐയുടെ രണ്ട് അംഗങ്ങളുടെ വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. തുടർന്ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്ന് സി.പി.എം അംഗങ്ങൾ വിട്ടുനിൽക്കുകയാണുണ്ടായത്.17 അംഗങ്ങളുള്ള പാറളം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നത്. എന്നാൽ മുൻപ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് ബി.ജെ.പിയിലെ അനിത പ്രസന്നൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നീട് ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പിയെ താഴെയിറക്കാൻ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ എൽ.ഡി.എഫ് അതിനെ പിന്തുണച്ചിരുന്നു. ഇതിനുപിന്നാലെ നടന്ന ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ സി.പി.ഐ നൽകിയ അപ്രതീക്ഷിത പിന്തുണയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്.


