LatestCRIMENEWS

കാട്ടാക്കടയിൽ പുള്ളിമാൻ തോൽ കൈവശം വെച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

Spread the love

കാട്ടാക്കട: പുള്ളിമാന്റെ തോൽ കൈവശം വെച്ച രണ്ട് യുവാക്കളെ പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ വിനയന്റെ മകൻ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനിൽകുമാറിന്റെ മകൻ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്.ഒക്ടോബർ 18-ന് വൈകിട്ട് മൂന്നരയോടെ ആറുവരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകി തെറിക്കുകയും സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പുള്ളിമാന്റെ തോൽ റോഡിലേക്ക് വീഴുകയുമായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിക്കാൻ ശ്രമിച്ചതോടെ ഒരാൾ സ്ഥലത്തുനിന്ന് ഓടിപ്പോയതായി റിപ്പോർട്ടുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മാൻതോലും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗോകുലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.തുടർന്ന് സ്കൂട്ടറിന്റെ ഉടമയും ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജംഗ്ഷനിലെ ഒരു വീട്ടിൽ താമസിച്ചിരുന്നവർ വീട് ഒഴിഞ്ഞുപോകുന്ന സമയത്ത് അവിടെനിന്ന് മാൻതോൽ ലഭിച്ചതാണെന്നും, ഇത് എടുത്ത് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ വനംവകുപ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിബിൻ ചന്ദ്രൻ. വി.യുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ്, ലിജോമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *