ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി അനുദിനം വർധിക്കുന്നു : മേയർ എ കെ ഹഫീസ്

Spread the love

ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി അനുദിനം വർധിക്കുന്നു : മേയർ എ കെ ഹഫീസ്

ഗാന്ധിജിയുടെ പ്രസക്തി ഇല്ലാതാക്കാനും അദ്ദേഹത്തെ തേജോവധം ചെയ്യാനുമുള്ള ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിലും ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി അനുദിനം വർധിക്കുകയാണെന്ന്  മേയർ എ കെ ഹഫീസ് പറഞ്ഞു. ആരൊക്കെ ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും ഓരോ വർഷം കഴിയുന്തോറും ലോകത്ത് നിരവധി രാജ്യങ്ങൾ ഗാന്ധിയൻ ആശയങ്ങൾ ഏറ്റെടുക്കുന്നു. ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിജിയുടെ മതേതര ആശയങ്ങളുടെ പ്രാധാന്യം വർധിക്കുകയേ ഉള്ളൂ. ഗാന്ധിജിയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിത്വം ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധിപീസ് ഫൗണ്ടേഷന്റെയും നഗരസഭയുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 7.15ന് ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര ജില്ലാ കലക്ടർ ആനി ജൂല തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. സബ് കലക്ടർ ഡോ എസ് മോഹനപ്രിയ, ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിങ് ചെയർമാൻ ഡോ പോൾ മത്തായി, സെക്രട്ടറി ജി ആർ കൃഷ്ണകുമാർ, എ ഡി എം എസ്.സജീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പേരാണ് പദയാത്രയിൽ പങ്കെടുത്തത്. തങ്കശ്ശേരി
ട്രിനിറ്റി ലൈസിയം സ്കൂളിൽ നിന്നുള്ള ബാൻഡ് സംഘത്തിനൊപ്പം സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ​ഗേൾസ് എച്ച് എസ് എസ്, വിമലഹൃദയ ഗേൾസ് എച്ച് എസ് എസ്, ഗവ. ഗേൾസ് വി എച്ച് എസ് എസ് വാളത്തുംഗൽ, എസ് എൻ  ട്രസ്റ്റ് എച്ച് എസ് എസ് കൊല്ലം, അമൃത എച്ച് എസ് എസ് പാരിപ്പള്ളി, എസ് എൻ വനിതാ കോളേജ്, എസ് എൻ ലോ കോളേജ്, ഗവ. സ്‌കൂൾ ഓഫ് നേഴ്‌സിങ് കൊല്ലം, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ് ആശ്രാമം, ഡോ. നായേഴ്‌സ് സ്‌കൂൾ ഓഫ് നഴ്‌സിങ്, ശങ്കേഴ്‌സ് സ്‌കൂൾ ഓഫ് നഴ്‌സിങ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാർഥികൾ, എൻ സി സി, എസ് പി സി കേഡറ്റുകൾ, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എൻ എസ് എസ് വോളണ്ടിയർമാർ തുടങ്ങിയവരും ഹരിതകർമസേന, സന്നദ്ധസംഘടന പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പദയാത്രയിൽ അണിനിരന്നു.

ഗാന്ധി പാർക്കിൽ പദയാത്ര സമാപിച്ചശേഷം വിഷ്ണു മോഹൻ എംഎൽഎ, മേയർ, കലക്ടർ എന്നിവരുടെ  നേതൃത്വത്തിൽ
ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി. ഗാന്ധിജി ഇല്ലായിരുന്നെങ്കിൽ  ലോകത്തിൻ്റെ നെറുകയിൽ ഉയർന്നുനിൽക്കുന്ന രാജ്യമായി ഇന്ത്യയ്ക്ക് മാറാനാകുമായിരുന്നില്ലെന്ന് തുടർന്ന് നടന്ന അധ്യക്ഷത വഹിച്ച എം എൽ എ പറഞ്ഞു. വാക്ക് പോലെ തന്നെയായിരിക്കണം പ്രവൃത്തിയും എന്നത് ഗാന്ധിജി നൽകിയ പ്രധാനപ്പെട്ട സന്ദേശങ്ങളിൽ ഒന്നാണെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ് പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി.

സബ് കലക്ടർ എസ് മോഹനപ്രിയ, ഡോ പോൾ മത്തായി, ജി ആർ കൃഷ്ണകുമാർ, പ്രൊഫ പി ഒ ജി ലബ്ബ, കൗൺസിലർമാരായ ധന്യ എസ്, കുരുവിള ജോസഫ്, ഇസബെല്ല ജയലക്ഷ്മി, ഷൈനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, കുരീപ്പുഴ ഷാനവാസ്, കൊല്ലം മാത്യൂസ് തോമസുകുട്ടി, സജീവ് പരശിവിള, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ലൈൻസ് ക്ലബ് ഭാരവാഹികൾ, സാമൂഹിക സാംസ്‌കാരിക സംഘടനപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ അഞ്ചിന് രാവിലെ 6.30ന് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നഗരസഭയുടെയും ട്രാക്കിന്റെയും (ട്രോമാകെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) സഹകരണത്തോടെ വാടി ബീച്ച് ശുചീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *