വെങ്ങാനൂരിൽ ബിജെപി – കോൺഗ്രസ് ഗുണ്ടാവിളയാട്ടം: ആറുപേർക്ക് പരിക്ക്, വാഹനങ്ങൾ തകർത്തു
വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനടയിൽ ബിജെപി – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗവും നടത്തിയ അക്രമത്തിൽ ആറുപേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർത്തു.വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ബിജെപിക്കാർ നടത്തിയ പ്രകടനത്തിനിടെ വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള കോൺഗ്രസിന്റെ കൊടിമരം തകർത്തതായി ആരോപ ഉയർന്നിരുന്നു. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ കോൺഗ്രസുകാർ ബിജെപി ഓഫീസ് കോമ്പൗണ്ടിലും പുറത്തും പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളുടെ ഗ്ലാസുകളും ആറ് ബൈക്കുകളും തല്ലിത്തകർത്തു.തുടർന്ന് അക്രമം തെരുവിലേക്ക് പടരുകയായിരുന്നു. ബിജെപി സംഘം കോൺഗ്രസ് പ്രവർത്തകനായ എൻ. സൈമണിന്റെ വീട്ടിൽ അതിക്രമിച്ചുകയറി പട്ടികക്കഷ്ണം കൊണ്ട് ക്രൂരമായി മർദിച്ചു. സൈമണിന്റെ മകൾ അനഘയെ പിടിച്ചുതള്ളി. മർദനത്തിൽ സൈമണിന്റെ കാലിന് പരിക്കേറ്റു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു ലാലിനെ ഹെൽമറ്റ് കൊണ്ടടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി വിജി ആനന്ദിനും പരിക്കേറ്റിട്ടുണ്ട്.മർദനത്തിൽ ബിജെപി പ്രവർത്തകരായ വിശാഖ്, വിഷ്ണു എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാഖ് ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിനുനേരെ ബിജെപിക്കാർ തിരിഞ്ഞതോടെ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമായി. ഇരുവിഭാഗത്തിലുംപെട്ട കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് ഭീതിയന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനിടെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.തുടർന്ന് ഫോർട്ട് എസി പ്രദീപ്, നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ എന്നിവർ സ്ഥലത്തെത്തി ഇരുവിഭാഗവുമായും ചർച്ച നടത്തി. വാഹനങ്ങൾ തകർത്ത കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് രാത്രി പത്തുമണിയോടെ ബിജെപിക്കാർ ഉപരോധം അവസാനിപ്പിച്ചത്. വിഴിഞ്ഞം സിഐ കെ. ഹേമന്ത് കുമാർ, കോവളം സബ് ഇൻസ്പെക്ടർ വി.കെ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും ബാലരാമപുരം പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

