കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു

Spread the love

ജമ്മു കശ്മീരിൽ നിന്ന് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയിരുന്ന വൻ മയക്കുമരുന്ന് ശൃംഖലയെ ജമ്മു കശ്മീർ പോലീസ് വിജയകരമായി തകർത്തു. ശ്രീനഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘത്തിലെ എട്ട് പ്രധാന പ്രതികളെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീനഗർ ഡൗൺടൗൺ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് രാജ്യവ്യാപകമായി വേരുകളുള്ള ഈ അന്തർസംസ്ഥാന ലഹരി മാഫിയ പിടിയിലായത്. സംഭവത്തിൽ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും 4.5 കോടിയോളം രൂപയുടെ സ്വത്ത് വകകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.അറസ്റ്റിലായവരിൽ നിന്ന് പിസ്റ്റളും തോക്കുകളും 85.76 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും 1.05 കോടി രൂപ മതിപ്പുവിലയുള്ള സ്വർണ്ണവും പോലീസ് കണ്ടുകെട്ടി. ഇവ കൂടാതെ 40 ഗ്രാം ഹെറോയിൻ, കൊഡൈൻ സിറപ്പ് കുപ്പികൾ, വൻതോതിൽ ട്രാമഡോൾ, ടാപെന്റഡോൾ തുടങ്ങിയ നിരോധിത ലഹരി മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടൊപ്പം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 1.07 കോടി രൂപ പോലീസ് മരവിപ്പിക്കുകയും ഇവരുടെ കെട്ടിടങ്ങളും വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്തു.​ഈ മയക്കുമരുന്ന് ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ആളുകളെ കണ്ടെത്താനായി ചണ്ഡീഗഡ്, അംബാല തുടങ്ങിയ ഇടങ്ങളിലെ മരുന്ന് നിർമ്മാണ കമ്പനികളിൽ പഞ്ചാബ് പോലീസിന്റെ സഹകരണത്തോടെ റെയ്ഡ് പുരോഗമിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന വിതരണക്കാരെയും സാമ്പത്തിക സ്രോതസ്സുകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ശ്രീനഗർ പോലീസ് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *