കണ്ണൂരിൽ മഴക്കെടുതിയിൽ കോഴി ഫാം മുങ്ങി; 6,300 കോഴികൾ ചത്തു, ലക്ഷങ്ങളുടെ നഷ്ടം
കണ്ണൂർ : കനത്ത മഴയെ തുടർന്ന് കോഴി ഫാമിൽ വെള്ളം കയറി 6,300 കോഴികൾ ചത്തതോടെ സംരംഭകയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം. കണ്ണൂർ ചെറുപുഴയ്ക്കടുത്തുള്ള മീൻതുള്ളിയിലെ സംരംഭകയായ സൂര്യ പി.ആറിന്റെ കേരള ചിക്കൻ ഫാമിലാണ് മഴക്കെടുതി വൻ സാമ്പത്തിക നഷ്ടം സംഭവിച്ചത്.ഫാമിലേക്ക് മഴവെള്ളം അതിവേഗം ഇരച്ചുകയറി ഫാമിലുണ്ടായിരുന്ന 6,300 കോഴികൾ ചത്തതോടൊപ്പം 39 ചാക്ക് കോഴിത്തീറ്റയും വെള്ളത്തിൽ ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു.കുടുംബശ്രീ പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി, പൂർണ വളർച്ചയെത്തിയ ശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചുനൽകുന്ന രീതിയിലായിരുന്നു ഫാം പ്രവർത്തിച്ചിരുന്നത്. അടുത്തിടെ ആരംഭിച്ച ഈ സംരംഭത്തിലെ വിൽപനയ്ക്ക് തയ്യാറായ കോഴികളാണ് മഴക്കെടുതിയിൽ നശിച്ചത്.സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഫാം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

