സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും

Spread the love

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. മൂന്നുദിവസമായി ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടത് ചര്‍ച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രധാന ചര്‍ച്ച നടക്കുക. കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിര്‍ദേശം. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാര്‍ട്ടി പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഏതുതരം തിരുത്തല്‍ വേണമെന്നതില്‍ ദില്ലിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം നിര്‍ണായകമാകും. സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയാകും.ഇതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെയും മറ്റെന്നാളും ജില്ലാ കമ്മിറ്റിയുമാണ് ചേരുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റു തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഎം തീരുമാനിച്ചിരുന്നു.ജില്ലാ തലങ്ങളില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് അത് ഏതു രീതിയില്‍ വേണമെന്ന് സിപിഎം അന്തിമമായി തീരുമാനിക്കുക. സര്‍ക്കാരിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അന്തിമമാക്കുക ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് ഇതിനായി ചേര്‍ന്ന മിക്ക ജില്ലാ കമ്മിറ്റികളിലും കടുത്ത വിമര്‍ശമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *