കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല

Spread the love

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. നാമനിര്‍ദ്ദേശം ചെയ്യുന്ന രീതി തുടരാന്‍ യോഗത്തില്‍ ധാരണയായി. തിരഞ്ഞെടുപ്പ് വേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നത്.ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. എന്നാല്‍ പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയിലേക്കുള്ള സാദ്ധ്യതാ പട്ടികയില്‍ ശശി തരൂരുമുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാദ്ധ്യതയാണ് അവസാന ഘട്ടത്തില്‍ തെളിയുന്നത് എന്നാണ് സൂചന.കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശം.പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിര്‍ണ്ണായക പ്രമേയങ്ങള്‍സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമിതി അംഗബലം കൂട്ടല്‍, സമിതികളില്‍ 50% യുവാക്കള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണ മടക്കം നിര്‍ണ്ണായക ഭരണഘടന ഭേദഗതികള്‍ക്കും സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *