തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ

Spread the love

ഡൽഹി: സംസ്ഥാനത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് സഹായം ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഡൽഹിയിൽ ശ്രം ശക്തി ഭവനിൽ വച്ചായിരുന്നു മന്ത്രിതല കൂടിക്കാഴ്ച. സംസ്ഥാനത്ത് ഐടി കമ്പനികളിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് 900 ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾ കേന്ദ്രമന്ത്രി ധരിപ്പിച്ചു. വിഷയത്തോട് അനുഭാവപൂർവ്വമായ നിലപാടാണ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ സ്വീകരിച്ചത്. ജീവനക്കാർക്ക് തൊഴിൽ, സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കോറോ കമ്പനി അധികൃതരുമായി 20ന് നടത്തുന്ന ചർച്ചയിലെ തീരുമാനം അറിയിക്കണമെന്നും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. അരമണിക്കൂറിലധികം നീണ്ട ചർച്ചയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് വേണ്ട സഹായം സംബന്ധിച്ച മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര മന്ത്രിക്ക് കൈമാറി. കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിന് വേണ്ടി എറണാകുളം കളമശ്ശേരിയിൽ ‘അപ്ന ഘർ’ ഹോസ്റ്റൽ നിർമ്മിക്കേണ്ട ആവശ്യകത കേന്ദ്രത്തെ അറിയിച്ചു. 600 പേർക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലിനു വേണ്ടി കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണയും തേടി. ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് വർക്കേഴ്സിന് വേണ്ടി വിശ്രമകേന്ദ്രം ക്രമീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. സ്വിഗ്ഗി, സൊമാറ്റോ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് ഫോൺ ചാർജിങ്, കുടിവെള്ളം, ശുചിമുറി, ടിവി, എസി എന്നീ സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രം നിർമിക്കാനുള്ള പദ്ധതിയാണ് തൊഴിൽ വകുപ്പ് ആലോചിക്കുന്നത്. തോട്ടം തൊഴിലാളികളായ സ്വന്തമായി വീടില്ലാത്തവർക്ക് ‘ഭവനം’ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ ധനസഹായം ആവശ്യപ്പെട്ടു. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ തൊഴിലാളികൾക്ക് 500 സ്ക്വയർ ഫീറ്റിൽ കോൺക്രീറ്റ് വീട് പണിയുന്നതിന് ആണ് പദ്ധതി. തോട്ടം മേഖലയിലെ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും സഹായം ഉണ്ടാകണമെന്ന് മെമ്മോറാണ്ടത്തിൽ ആവശ്യം അറിയിച്ചു. ഐടി മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് താമസിക്കാൻ മോഡൽ ഹോസ്റ്റൽ ആശയം തൊഴിൽ വകുപ്പ് കേന്ദ്രത്തിന്റെ മുന്നിൽ വച്ചു. ആയിരം സ്ത്രീകൾക്ക് വേണ്ടിയുള്ള ഹോസ്റ്റൽ പണിയാനാണ് സർക്കാർ ആലോചന. തെരുവ് കച്ചവടക്കാർക്ക് വേണ്ടി ആധുനിക നിലവാരത്തിലുള്ള കിയോസ്ക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇവ സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇവയ്ക്ക് പുറമെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾക്കും കേന്ദ്ര മന്ത്രിയോട് സഹായം ആവശ്യപെട്ടു. സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങളോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അനുഭാവപൂർവ്വം പ്രതികരിച്ചു എന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൂടിക്കാഴ്ചയിൽ സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്ജ്, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *