ഓണപ്പൂക്കളവും സദ്യയുമൊരുക്കാന്‍ കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും – പത്രക്കുറിപ്പ്
ഓണപ്പൂക്കളവും സദ്യയുമൊരുക്കാന്‍
കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും
സംസ്ഥാനമൊട്ടാകെ 14000 ഏക്കറില്‍ കൃഷി
തിരുവനന്തപുരം: മലയാളിക്ക് ഓണപ്പൂക്കളവും സദ്യയുമൊരുക്കാന്‍ ഇക്കുറിയും കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും ഓണ വിപണിയിലെത്തും. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ ‘നിറപ്പൊലിമ’ ‘ഓണക്കനി’ പദ്ധതികള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി. ‘ഓണക്കനി’യുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 12,000 ഏക്കറില്‍ പച്ചക്കറി കൃഷിയും ‘നിറപ്പൊലിമ’യുടെ ഭാഗമായി 2000 ഏക്കറില്‍ പൂക്കൃഷിയും ഉള്‍പ്പെടെ ആകെ 14,000 ഏക്കറിലാണ് കൃഷി.
ഓണവിപണിയില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്ക് പരമാവധി വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം പൊതുവിപണിയില്‍ ഗുണനിലവാരമുളള കാര്‍ഷികോല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി വഴി ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഓണ വിപണിയില്‍ നിന്നും ഓണക്കനി പദ്ധതി വഴി 8.8 കോടി രൂപയും നിറപ്പൊലിമ പദ്ധതി വഴി 1.5 കോടി രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.
വെണ്ട, പയര്‍, മത്തന്‍, വെള്ളരി, പാവയ്ക്ക, പടവലങ്ങ, ചീര, കോവയ്ക്ക, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ജില്ലാ സി.ഡി.എസ്തല വിപണന മേളകളില്‍ വിറ്റഴിക്കും.
കര്‍ഷകര്‍ക്ക് ആവശ്യമായ പച്ചക്കറി, ചെണ്ടുമല്ലി തൈകള്‍ തയ്യാറാക്കുന്നതിനായി ഓരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോള്‍വിങ്ങ് ഫണ്ടായും നല്‍കുന്നുണ്ട്. കര്‍ഷക സഹായ കേന്ദ്രങ്ങള്‍ വഴി യാണ് ഇതു നല്‍കുന്നത്. കൂടാതെ കര്‍ഷകര്‍ക്കായി സി.ഡി.എസ്തലത്തില്‍ ‘ഫാര്‍മര്‍ ഫീല്‍ഡ് സ്കൂളുകള്‍’ സംഘടിപ്പിച്ച് നഴ്സറി തയ്യാറാക്കല്‍, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക പരിശീലനവും ലഭ്യമാക്കിയിരുന്നു. ഇരുപദ്ധതികളുടെയും വിജയകരമായ നടത്തിപ്പിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്.

