പട്ടാപ്പകൽ കാറിൽ എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി : മണിക്കൂറുകൾക്കകം അതേ സ്ഥലത്ത് ഉപേക്ഷിച്ചു
കാട്ടാക്കട : പട്ടാപ്പകൽ കാറിൽ എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി. കാട്ടാക്കടയിലെ മുത്തൂറ്റ് മൈക്രോഫിനാൻസ് മാനേജർ ഗിരീഷിനെയാണ് ഒരു സംഘം ആളുകൾ കാറിൽ എത്തി തട്ടിക്കൊണ്ടുപോയത്. കാട്ടാക്കട ജംഗ്ഷൻ സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓഫീസിനു മുന്നിൽ നിൽക്കുമ്പോഴാണ് കാറിൽ നിന്ന് ഇറങ്ങിയ സംഘം ഗിരീഷിനെ ബലമായി പിടിച്ചു കയറ്റി തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഗിരീഷിനെ ബലമായി കാറിൽ കയറ്റുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ മണിക്കൂറുകൾക്കകം തട്ടിക്കൊണ്ടുപോയ സംഘം ഗിരീഷിനെ തിരികെ അതേ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 18-ാം തീയതി വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഓഫീസ് സമയം കഴിഞ്ഞ് ഹെൽമറ്റ് ധരിച്ച് സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് കാറിലെത്തിയ സംഘം ഗിരീഷിനെ ബലമായി കാറിലേക്ക് വലിച്ചിഴച്ച് കയറ്റിക്കൊണ്ടുപോയത്.സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ നോക്കിനിൽക്കെയായിരുന്നു സംഭവം. ആർക്കും തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ല. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടനടി അന്വേഷണം ഊർജ്ജിതമാക്കുകയും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്യുന്നതിനിടയിലാണ്, തട്ടിക്കൊണ്ടുപോയ അതേ സ്ഥലത്ത് തന്നെ പ്രതികൾ ഗിരീഷിനെ തിരികെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.ഗിരീഷിനെ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്നോ ഇതിന് പിന്നിൽ ആരാണെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ അതോ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണങ്ങളാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.പ്രതികൾ ഗിരീഷിനെ ഭീഷണിപ്പെടുത്തിയോ, എങ്ങോട്ടേക്കാണ് കൊണ്ടുപോയത് തുടങ്ങിയ വിവരങ്ങൾ അദ്ദേഹത്തിന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയ ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പ്രതികളെയും കണ്ടെത്താനായി പൊലീസ് കാട്ടാക്കടയിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

