സതീശനെ പിന്തുണച്ചു, പിണറായി പ്രതിപക്ഷത്തിരിക്കുന്നത് യുഡിഎഫിന് ഗുണം- തുറന്നടിച്ച് കെ മുരളീധരൻ

Spread the love

തൃശൂർ: സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പിന്തുണച്ചത് വി.ഡി. സതീശനെയാണെന്ന് വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെ പരിഹസിച്ച അദ്ദേഹം, ഈ മാറ്റം അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്നും അവകാശപ്പെട്ടു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി ചർച്ചകൾ നടത്തിയപ്പോൾ വി.ഡി. സതീശന്റെ പേരാണ് താൻ നിർദ്ദേശിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കി. “പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് യുഡിഎഫിന് 102 സീറ്റ് ലഭിച്ചത്. അദ്ദേഹം പ്രതിപക്ഷ നേതാവാകുമ്പോൾ അടുത്ത തവണ യുഡിഎഫ് സംസ്ഥാനം തൂത്തുവാരും. പിണറായി പ്രതിപക്ഷത്തിരിക്കുന്നത് യുഡിഎഫിന് എപ്പോഴും നല്ലതാണ്,” മുരളീധരൻ പറഞ്ഞു.രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് തങ്ങളെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മുരളീധരൻ മറുപടി നൽകി. മുൻപ് രാത്രികാലങ്ങളിൽ തലയിൽ മുണ്ടിട്ട് പാണക്കാട് പോയവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കൾ എപ്പോഴും പരസ്യമായും നേരിട്ടുമാണ് പാണക്കാട് പോയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ മുന്നേറുന്നതിനിടെ മുരളീധരന്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഏറെ നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *