മാതൃകയായി പ്രധാനമന്ത്രി ; വാഹനവ്യൂഹം പകുതിയായി കുറച്ചു; ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന

Spread the love

ന്യൂഡൽഹി : ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിയും സാമ്പത്തിക വെല്ലുവിളികളും അതിജീവിക്കാൻ പൗരന്മാരോട് നടത്തിയ അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് അദ്ദേഹം സ്വയം മാതൃക ആയിരിക്കുന്നത്. എസ്‌പിജി പ്രോട്ടോക്കോൾ പ്രകാരമുള്ള നിർബന്ധിത സുരക്ഷാ ക്രമീകരണങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയായിരുന്നു.കൂടാതെ അകമ്പടി വാഹനവ്യൂഹത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകി. എന്നാൽ ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്നും നിലവിലുള്ളവ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏഴ് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കുക, മെട്രോ ട്രെയിനുകളും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശനാണ്യം ലാഭിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ മാറ്റിവെക്കുക, സഹപ്രവർത്തകരുമായി യാത്രകൾ പങ്കിടുക (കാർപൂളിംഗ്), വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുക, രാസവളങ്ങളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്ത കൃഷിരീതികളിലേക്ക് മാറുക എന്നീ നിർദ്ദേശങ്ങൾ ആയിരുന്നു പ്രധാനമന്ത്രി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *