10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Spread the love

നെയ്യാറ്റിൻകര : 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആര്യനാട് സ്വദേശി പ്രശാന്ത് (39) നെയാണ് ഡാൻസാഫ് സംഘവും പോലീസ് ചേർന്ന് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് സിനിമാ-സീരിയൽ മേഖലയിലുള്ളവർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് പ്രാഥമിക സൂചനകൾ. തലസ്ഥാനത്തെ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക ലഹരി വിരുദ്ധ സംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രശാന്ത് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും വലിയ ബാഗുകളിലായാണ് 10 കിലോ കഞ്ചാവ് കണ്ടെടുത്തത്.പിടിയിലായ പ്രശാന്തിന് സിനിമാ-സീരിയൽ രംഗത്തുള്ളവരുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.ഈ മേഖലയിലെ വിതരണക്കാർക്ക് കൈമാറാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴി നൽകിയതായാണ് റിപ്പോർട്ട്. നഗരത്തിലെ പ്രമുഖ ലോഡ്‌ജുകളും ഷൂട്ടിംഗ് ലൊക്കേഷനുകളും കേന്ദ്രീകരിച്ച് ഇയാൾ ലഹരി എത്തിക്കാറുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്.പ്രശാന്തിന് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് പോലീസ് വ്യക്തമായ സൂചനകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ വലിയൊരു ലഹരി മാഫിയ തന്നെ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *