ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍; 5 മണിക്കൂര്‍ പ്രതിഷേധം, ഒടുവില്‍ അക്ഷര വോട്ടിട്ടു
തൃശൂർ: ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ ശസ്ത്രക്രിയ കഴിഞ്ഞതിന്‍റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍; 5 മണിക്കൂര്‍ പ്രതിഷേധം, ഒടുവില്‍ അക്ഷര വോട്ടിട്ടു.തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയില്‍ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതില്‍ പ്രതിഷേധം.അക്ഷര എന്ന പെണ്‍കുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എല്‍ ഡി എഫ് നേതാവ് വി എസ് സുനില്‍കുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. ഒടുവില്‍ വൈകിട്ട് ആറ് മണിയോടെ അക്ഷരയ്ക്ക് വോട്ട് ചെയ്യാൻ അനുമതി നല്‍കുകയും പെണ്‍കുട്ടി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലില്‍ മഷി പുരട്ടാമെന്ന ചട്ടം നിലനില്‍ക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേതാക്കള്‍ ആരോപിച്ചു.

