തമിഴകത്ത് ‘സ്റ്റാലിൻ 2.0’ ഉറപ്പിച്ച് ലോക്പോൾ സർവേ; ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് പ്രവചനം

Spread the love

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. ‘സ്റ്റാലിൻ 2.0’ ഭരണത്തിന് സാധ്യത കൽപ്പിക്കുന്ന സർവേ, ഡി.എം.കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടി വൻ വിജയം കൊയ്യുമെന്ന് വ്യക്തമാക്കുന്നു. പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ സഖ്യം 38 മുതൽ 42 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് കണ്ടെത്തൽ. അതേസമയം, കന്നി തിരഞ്ഞെടുപ്പിനിറങ്ങുന്ന വിജയിന്റെ തമിഴക വെട്രി കഴകം (ടി.വി.കെ) 24 ശതമാനം വോട്ട് വിഹിതത്തോടെ 8 മുതൽ 10 വരെ സീറ്റുകൾ നേടി കരുത്തുകാട്ടുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് തമിഴ് ജനതയുടെ പ്രിയപ്പെട്ട നേതാവായി എം.കെ. സ്റ്റാലിൻ (41%) തുടരുമ്പോൾ, അപ്രതീക്ഷിത കുതിപ്പുമായി വിജയ് രണ്ടാം സ്ഥാനത്തെത്തി. 27.1 ശതമാനം പേരുടെ പിന്തുണയോടെ മറ്റ് പ്രമുഖ നേതാക്കളെയെല്ലാം പിന്നിലാക്കിയാണ് വിജയിന്റെ ഈ മുന്നേറ്റം. ഓരോ മണ്ഡലത്തിലും 500 പേരെ വീതം നേരിൽ കണ്ട് തയ്യാറാക്കിയതാണ് ഈ സർവേയെന്ന് അധികൃതർ അവകാശപ്പെടുന്നു. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് സ്റ്റാലിന് അനുകൂലമായ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.തിരഞ്ഞെടുപ്പ് ആവേശത്തിനിടെ തമിഴ്‌നാട് കോൺഗ്രസ് ക്യാമ്പിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ മാണിക്കം ടാഗോർ എം.പി സ്ഥാനം രാജിവെച്ചു. ഡി.എം.കെ സഖ്യത്തിൽ 28 സീറ്റുകൾ ലഭിച്ചിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾ നീളുന്നത് ജയസാധ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. നിർണ്ണായക ഘട്ടത്തിലെ ഈ അപ്രതീക്ഷിത രാജി കോൺഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *