കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍

Spread the love

കൊല്ലം : കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തി മറുപടി നൽകി. “ചോദ്യം മനസ്സിലുണ്ടായാൽ മാത്രം പോരാ, അത് കൃത്യസമയത്ത് ചോദിക്കണം. ഞാൻ പോകാൻ നേരം പിന്നിൽ നിന്ന് വിളിച്ചു ചോദിക്കുന്നതല്ല രീതി,” എന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കൊല്ലത്ത് വാർത്ത സമ്മേളനം വിളിച്ച മുഖ്യമന്ത്രി ആകെ മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകിയ ശേഷം എഴുന്നേറ്റ് പോവുകയായിരുന്നു.കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മാത്രമാണ് പിണറായി വിജയൻ മറുപടി നൽകിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാര്‍ത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതോടെ മുഖ്യമന്ത്രി വീണ്ടും തിരികെ എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *