മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം നിർമ്മിച്ചു
ബെംഗളൂരു: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം നിർമ്മിച്ചു. തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്മരഥം നിർമ്മിച്ചിട്ടുള്ളത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയ രഥം. ഇനി മുതൽ ഈ രഥത്തിലായിരിക്കും ദേവിയെ എഴുന്നള്ളിക്കുന്നത്.രണ്ട് കോടി രൂപ ചെലവഴിച്ചാണ് രഥം നിർമ്മിച്ചത്. രഥത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ടു വർഷങ്ങളാണ് വേണ്ടിവന്നത്. രാഷ്ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായണ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് നിർമ്മാണം നടത്തിയത്. പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിനോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത് നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ്. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ മഹാചണ്ഡികഹോമവും സുവാസിനി പൂജയും വൈകുന്നേരം രഥോത്സവവും നടക്കും. വിജയദശമി നാളിലെ വിദ്യാരംഭമാണ് മറ്റൊരു പ്രധാനപ്പെട്ട ചടങ്ങ്.