സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കള്‍ അറസ്റ്റില്‍

Spread the love

സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പിന്നാലെ ബൈക്കിലെത്തി ആക്രമിച്ച്‌ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കള്‍ അറസ്റ്റില്‍.കൊല്ലം പെരുമാൻതൊടി അല്‍ത്താഫ് മൻസിലില്‍ അല്‍ത്താഫ് (27), കൊല്ലം ഇരവിപുരം മണക്കാട് ന്യൂനഗറില്‍ തൊടിയില്‍ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്.കഴിഞ്ഞ 5ന് രാവിലെയാണ് കരീലക്കുളങ്ങര സ്പിന്നിംഗ് മില്‍ ജീവനക്കാരിയായ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം നടന്നത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കള്‍ സ്കൂട്ടറില്‍ പോയ യുവതിയെ പിന്തുടർന്ന് കൈ അടിച്ച്‌ വീഴ്ത്താൻ ശ്രമിച്ചാണ് കഴുത്തില്‍ കിടന്ന ഒരു പവനോളം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. സ്കൂട്ടർ മറിഞ്ഞ് ആള്‍ക്കാർ എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് കൈക്കും കാലിനും പരിക്കേറ്റു. നാലുദിവസം കൊണ്ട് കായംകുളം മുതല്‍ കൊല്ലം വരെ 250 ഓളം CCTV ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പ്രതികള്‍ അമ്പലപ്പുഴയില്‍ യുവാവിന്റെ മൊബൈല്‍ ഫോണും തട്ടിപ്പറിച്ചിരുന്നു. ഇരുവരുടെയും പേരില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *