ആറ്റുകാൽ പൊങ്കാല മഹോത്സവം: അവലോകന യോഗം ചേർന്നു

Spread the love

ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ മുന്നോരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതൽ പൊങ്കാല ദിനമായ മാർച്ച് 3 വരെ 117 പേരെ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. പൊങ്കാല ദിനത്തിൽ 3640 പോലീസുകാരെ വിന്യസിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും. പൊങ്കാല ദിവസം വടം കെട്ടി ഭക്തജനങ്ങളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ക്ഷേത്ര പരിസരം രണ്ട് സെക്ടറുകളായി തിരിച്ച് ബാരിക്കേഡ് വെച്ച് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രധാന സ്റ്റേജ് റോഡിന് അഭിമുഖമായി കെട്ടുന്നതിന് പകരം ഗ്രൗണ്ടിന് അഭിമുഖമായി സജ്ജീകരിക്കണമെന്നും നിർദ്ദേശം ഉയർന്നു.ശിശുരോഗ വിദഗ്ധൻ ഉൾപ്പെടുന്ന 24 മണിക്കൂർ മെഡിക്കൽ ടീമിനെ പൊങ്കാലയോടനുബന്ധിച്ച് സജ്ജീകരിക്കും. പത്ത് പോയിന്റുകളിൽ ആംബുലൻസുകൾ സജ്ജമാക്കും. മുഴുവൻ സമയ മെഡിക്കൽ കൺട്രോൾ റൂം ക്ഷേത്രപരിസരത്ത് പ്രവർത്തിക്കും. തീപൊള്ളൽ ഏൽക്കാൻ സാധ്യതയുള്ളതിനാൽ ക്ഷേത്രത്തിന് സമീപമുള്ള ആശുപത്രികളിൽ 10 ശതമാനം ബെഡുകൾ റിസർവ് ചെയ്യും. സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ടീം രൂപീകരിക്കും. 3500 തൊഴിലാളികളെ പൊങ്കാല ദിനത്തിൽ ശുചീകരണത്തിനായി നിയോഗിക്കും. പൊങ്കാലയുടെ തലേ ദിവസം 27 ടാങ്കറുകളിൽ വെള്ളം എത്തിക്കും. പൊങ്കാല ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന 200 സന്നദ്ധ സംഘങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ സംഘങ്ങളുടെ യോഗം വാർഡ് തലത്തിൽ വിളിക്കാനും യോഗത്തിൽ തീരുമാനമായി. പൊങ്കാല ദിനത്തിലെ 300 ടൺ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ക്രമീകരണവും നടത്തും. ക്ഷേത്രത്തിന് സമീപമുള്ള 16 കോർപ്പറേഷൻ വാർഡുകളിൽ ഓടകളും കാനകളും വൃത്തിയാക്കും. ഭക്ഷ്യസുരക്ഷയ്ക്കായി സ്ക്വാഡ് രൂപീകരിക്കും. നിരീക്ഷണം ശക്തമാക്കും. ഭക്ഷണ കടകളുടെ ഉടമകൾക്ക് ബോധവത്ക്കരണം നൽകും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കും. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പരിസരത്തുള്ള ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തും. പൊങ്കാലയോടനുബന്ധിച്ച് ലൈറ്റുകൾക്കായി താത്ക്കാലിക കണക്ഷൻ ക്രമീകരിക്കും. പൊങ്കാലയ്ക്ക് ഗ്രീൻപ്രോട്ടോക്കോൾ ശക്തമാക്കുന്നതിനായി ഗ്രീൻ ആർമി രൂപീകരിക്കും. കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷം പൊങ്കാലയ്ക്ക് 700 പ്രത്യേക സർവ്വീസുകളാണ് നടത്തിയത്. ഇത്തവണ അത് 800 ആക്കി ഉയർത്തും. തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്ന് 110 പ്രത്യേക ടൂർ പാക്കേജുകളാണ് പൊങ്കാലയ്ക്ക് നടത്തിയത്. ഇത്തവണ 250 ട്രിപ്പുകൾ ഉണ്ടാകും. വികാസ് ഭവൻ ഡിപ്പോയിലാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങുന്ന സമയങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് പ്രത്യേക പാർക്കിംഗ് ഏർപ്പെടുത്തണമെന്നും ക്ഷേത്രപരിസരത്ത് യു ടേൺ എടുക്കുന്നത് ഒഴിവാക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ഫയർ ആന്റ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ 10 ദിവസവും കൺട്രോൾ റൂം പ്രവർത്തിക്കും. രണ്ട് ഫയർ എൻജിനുകളും ആംബുലൻസും സജ്ജീകരിക്കും. പത്തിലധികം വനിതാ ജീവനക്കാരെ ഡ്യൂട്ടിക്കായി വിന്യസിക്കും. പൊങ്കാലദിവസം നാല് സെക്ടറുകളായി തിരിച്ച് 30 ഫയർ എൻജിനുകളും 450 ജീവനക്കാരെയും വിന്യസിക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകളും അഡീഷണൽ ട്രെയിനുകളും ക്രമീകരിക്കും. പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. ഫെബ്രുവരി പകുതിയോടെ ഇത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് നടത്തും. നഗര പരിധിയിൽ ലൗഡ് സ്പീക്കറുകൾ ഉച്ചത്തിൽ വെയ്ക്കുന്നത് കഴിഞ്ഞ പൊങ്കാലയ്ക്ക് ശബ്ദ മലിനീകരണം സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കുന്നതിന് ഇത്തവണ കർശന നിർദ്ദേശം നൽകും. കിള്ളിപ്പാലം മുതൽ ആറ്റുകാൽ ബണ്ട് റോഡ് വരെയുള്ള സ്ഥലത്തും ക്ഷേത്രത്തിലേക്കുള്ള വഴിയിലുമുള്ള കച്ചവടങ്ങൾ നിയന്ത്രിക്കണമെന്നും അന്നദാനം രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും വി.കെ പ്രശാന്ത് എംഎൽഎ ആവശ്യപ്പെട്ടു. ഫെബ്രുവരി 10ന് മുമ്പ് പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ പരമാവധി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സബ് കളക്ടർ ആൽഫ്രഡ് ഒ.വിയെ പൊങ്കാല നോഡൽ ഓഫീസറായി നിയമിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഡെപ്യൂട്ടി മേയർ ആശ നാഥ്, വാർഡ് കൗൺസിലർമാർ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. *ആറ്റുകാൽ പൊങ്കാല പ്രധാന ചടങ്ങുകൾ*ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും. മാർച്ച് 3നാണ് അടുപ്പുവെട്ട് പൊങ്കാല. രാവിലെ 9.45ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. *ഒൻപതാം ഉത്സവ ദിനമായ മാർച്ച് 3ന് ചന്ദ്രഗ്രഹണം ആയതിനാൽ വൈകുന്നേരം 3.10 മുതൽ 7 മണി വരെ ദേവീ ദർശനം ഉണ്ടായിരിക്കുന്നതല്ല*. താലപ്പൊലി നേർച്ചക്കാർ 3ന് ഉച്ചയ്ക്ക് 1.30ന് മുമ്പായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരേണ്ടതാണ്. രാത്രി 8.30ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽ കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 10.45ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കും. മാർച്ച് 4ന് രാത്രി 9.45ന് ആണ് കാപ്പഴിച്ച് കുടിയിളക്കുന്നത്. രാത്രി 12.45ന് കുരുതി തർപ്പണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *